അഖിലേന്ത്യാ സിവിൽ സർവീസ് രംഗത്ത് കൂടുതൽ കേരളീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി, സിവിൽ സർവീസ് പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുപ്പു നടത്തി ഉന്നത വിജയം കൈവരിയ്ക്കുവാൻ സഹായിക്കുന്ന ഒരു പരിശീലനകേന്ദ്രം, സംസ്ഥാനത്ത് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സെന്റർ ഫോർ കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ 2005 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തനം നടത്തിവരുന്നു. കേരളത്തിലെ മറ്റ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, പോരായ്മകൾ പരിഹരിച്ച്, ദേശീയ നിലവാരത്തിൽ ദില്ലി, ഹൈദ്രബാദ്, ചെന്നൈ പോലുള്ള നഗരങ്ങളിലെ മികച്ച പരിശീലന കേന്ദ്രങ്ങളോട് കിടപിടിക്കത്തക്ക സൗകര്യങ്ങളോടു കൂടിയാണ് ഈ അക്കാഡമി സ്ഥാപിച്ചത്. അക്കാഡമി സ്ഥാപിതമായതോടെ കേരളത്തിലെ സിവിൽ സർവ്വീസ് ഉദ്യോഗാർഥികളുടെ ഒരു ദീർഘകാല അഭിലാഷമാണ് സാധ്യമായത്.

പ്രഗത്ഭരും പരിചയ സമ്പന്നരുമായ ഒരു കൂട്ടം അദ്ധ്യാപകരുടെ സാന്നിധ്യം ഈ സ്ഥാപനത്തെ സമാന സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. സംസ്ഥാനത്ത് ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ലൈബ്രറി സൗകര്യവും അക്കാഡമിയുടെ പ്രത്യേകതയാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രത്തെ കൂടാതെ സംസ്ഥാനത്തുടനീളം പത്ത് ഉപകേന്ദ്രങ്ങളും അക്കാഡമിയുടേതായി പ്രവർത്തിച്ചുവരുന്നു.