സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമായി നൽകുന്ന പദ്ധതി

സംസ്ഥാനത്തെ മറ്റ് പരിശീലന കേന്ദ്രങ്ങളെ അപേക്ഷിച്ച് മിതമായ നിരക്കിലുള്ള ഫീസ് ഘടനയാണ് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടേത്. എന്നിരുന്നാലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടേറെ വിദ്യാർത്ഥികൾ സിവിൽ സർവ്വീസ് പരിശീലനം ലക്ഷ്യമിടുന്നതായി അക്കാഡമിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥികൾക്ക് ഒരു സഹായഹസ്തം എന്ന നിലയിലാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം മെയിൻ കേന്ദ്രത്തിലും മറ്റ് ഉപകേന്ദ്രത്തിലുമായി സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന 100 വിദ്യാർത്ഥികളെയാണ് ഈ സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. ഇതിലൂടെ പ്രസ്തുത വിദ്യാർത്ഥികൾ പ്രവേശന സമയത്ത് ഒടുക്കുന്ന ഫീസ് ഇവർക്ക് തിരികെ നൽകുന്നതാണ്.

അഡോപ്ഷൻ സ്കീം & ഇന്റർവ്യൂ ട്രെയിനിംഗ്

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ അഡോപ്ഷൻ പ്രോഗ്രാം പ്രകാരം, പ്രിലിംസ് പാസ്സായ കുട്ടികൾക്ക് മെയിൻ പരിശീലനവും അഭിമുഖ പരിശീലനവും ഡൽഹിയിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിന് പോയിവരുന്നതിനുള്ള യാത്രാ ചെലവും, താമസ സൗകര്യവും, ആഹാരവും സൗജന്യമായി നൽകിവരുന്നു.